District News
പെരുമ്പാവൂർ: പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു. കോട്ടയം മണർക്കാട് സ്വദേശി ഒറ്റപ്ലാക്കൽ എമിൽ സുനിൽ (21) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. ഗുരുതരാവസ്ഥയിൽ എമിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പെരുമ്പാവൂർ അശമന്നൂർ ചെറുകുന്നം പെരിയാർവാലി മെയിൻ കനാലിൽ അശമന്നൂർ യുപി സ്കൂളിന് സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.
ചെറുകുന്നം പൂമല കെഎംപി നഴ്സിംഗ് കോളജിൽ പ്രവർത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയൽ നഴ്സിംഗ് സ്കൂളിലെ ബിഎസ്സി മൂന്നാം വർഷ വിദ്യാർഥികളായിരുന്ന കൊല്ലം കാഞ്ഞംവേളി സ്വദേശി അജ്മൽ ഭവനത്തിൽ ഹബീബ് മകൻ അജ്മൽ ഹബീബ് (22), മലപ്പുറം ചുങ്കത്തറ സ്വദേശി പ്ലാത്താരൻ വീട്ടിൽ പി.എം. കോയാക്കുട്ടി മകൻ പി.കെ. അജ്സൽ (22) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ടതായിരുന്നു എമിൽ.
കൂട്ടത്തിൽ നീന്തൽ വശമില്ലാത്തയാൾ ഒഴുക്കിൽ പെട്ടതോടെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
District News
നെടുമ്പാശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അകപ്പറമ്പ് മടത്തുംകുടി വർഗീസിന്റെ മകൻ ബിബിൻ (41) ആണ് മരിച്ചത്. കരിയാട് - മറ്റൂർ റോഡിൽ അകപ്പറമ്പ് ഭാഗത്ത് ഫെബ്രുവരി 10 നാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോയ ബിബിനെ പിന്നിലൂടെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് മരിച്ചു. നെടുമ്പാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബിബിൻ അങ്കമാലി ഭീമ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. അമ്മ: ഫിലോമിന. സഹോദരൻ: ജുബിൻ. ഭാര്യ: നിജിമോൾ. മകൾ: ഇവാഞ്ചലിൽ മരിയ. സംസ്കാരം നടത്തി.
District News
പട്ടിക്കാട്: ട്രസ് വർക്കിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇമ്മട്ടിപ്പറമ്പ് അക്കരക്കാരൻ കുട്ടമോൻ മകൻ വിഷ്ണു (29) ആണ് മരിച്ചത്. സംസ്കാരം ഇന്ന്. അമ്മ: സെബിയ. ഭാര്യ: നീതു.
മാർച്ച് 27ന് കൊമ്പഴയിൽ വച്ചായിരുന്നു അപകടം. കെട്ടിടത്തിനു മുകളിൽ ട്രസ് വർക്ക് നടത്തുന്നതിനിടെ താഴെ വീണാണ് അപകടം സംഭവിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു.
District News
മരട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കുഴുപ്പിള്ളി ചെറിയ പാടത്ത് വീട്ടിൽ രത്നവല്ലി(76)യാണ് മരിച്ചത്.
19ന് രാവിലെ 7.45ന് വൈറ്റില തൃപ്പൂണിത്തുറ റോഡിൽ തൈക്കൂടം ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്പോഴായിരുന്നു അപകടം. തൈക്കൂടത്തുള്ള മകളുടെ ഭർതൃ മാതാവിന്റെ സഞ്ചയന കർമത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ പരമു. മക്കൾ: ലീഷ, ലെജുമോൻ. മരുമക്കൾ: മുരളി, സ്വരൂപ.
International
മോസ്കോ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മകൻ മൊജ്തബ ഖമനയ് അതീവ ഗുരുതരാവസ്ഥയിൽ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്തകൾ റഷ്യ നിഷേധിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിച്ച ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കി.
ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടെ മൊജ്തബ ഖമനയ്ക്ക് പരിക്കേറ്റുവെന്നും വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ രഹസ്യമായി റഷ്യയിലേക്ക് മാറ്റിയെന്നുമായിരുന്നു പ്രചാരണം. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റഷ്യൻ വിദേശകാര്യ മന്ത്രാലയവും ക്രെംലിൻ വൃത്തങ്ങളും ഈ വാർത്തകൾ തള്ളി. മൊജ്തബ ഖമനയ് റഷ്യയിൽ ചികിത്സയിലാണെന്നതിന് സ്ഥിരീകരണമില്ലെന്നും ഇത്തരം വാർത്തകൾ തെറ്റാണെന്നുമാണ് റഷ്യയുടെ നിലപാട്.
ഈ വിഷയത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക തർക്കങ്ങളും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായേക്കാമെന്ന് നിരീക്ഷകർ കരുതുന്നു.
District News
വണ്ടിത്താവളം: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. നന്ദിയോട് മേലേകവറത്തോട് കെ. ജയദേവൻ (62) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി 23 ന് കന്നിമാരി പള്ളി മൊക്കിൽ വച്ചാണ് അപകടം. ഇന്ന് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തും. ഭാര്യ: കാഞ്ചന. മക്കൾ: അഞ്ജു, അനു.
District News
പേരൂര്ക്കട: പൂജപ്പുര സെന്ട്രല് ജയിലില് ചികിത്സയിലായിരുന്ന തടവുകാരന് മരിച്ചു. ശ്രീകാര്യം ചെറുവയ്ക്കല് കരുംകരക്കോണം പെടിയത്തുമുറിയില് ബാബുകുമാര് (50) ആണ് മരിച്ചത്. 2019 മുതല് സെന്ട്രല് ജയിലില് ശിക്ഷ അനുഭവിച്ചു വരികയാണ്.
തിരുവനന്തപുരം അഡീഷണല് ഡിസ്ട്രിക്ട് ആൻഡ് സെഷന്സ് ഫാസ്റ്റ്ട്രാക്ക് കോടതിയുടേതായിരുന്നു വിധി. ശനിയാഴ്ച ദേഹാസ്വാസ്ഥ്യം മൂലം ബാബുകുമാറിനെ തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്ക്കു വിട്ടുനല്കി. പൂജപ്പുര പോലീസ് മേല്നടപടികള് സ്വീകരിച്ചു.
District News
അങ്കമാലി: തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ഉത്സവ എഴുന്നളളിപ്പിനിടെ ആനയിടഞ്ഞതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുട്യൂബർ മരിച്ചു. ചൊവ്വര സുരഭി പിഷാരത്ത് സി.പി. സേതുവാമധവന്റെ മകൻ സൂരജ് പിഷാരടി (34) ആണ് ഇന്നലെ രാവിലെയോടെ മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രത്തിൽ വലിയവിളക്ക് ശിവേലി എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. ഉത്സവ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന സൂരജ് ഉൾപ്പടെ 16 പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. ഭയന്ന് ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് സൂരജിന് പരിക്കേറ്റത്.
എഴുന്നള്ളിപ്പിന് അണിനിരന്ന അഞ്ച് ആനകളിൽ തിടമ്പേറ്റിയ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുന്നുമ്മൽ പരമേശ്വരൻ എന്ന ആന പിന്തിരിഞ്ഞോടിയതും അപകടങ്ങൾക്ക് ഇടവരുത്തി.
ആനപ്പുറത്ത് ഉണ്ടായിരുന്ന രണ്ട് പേർക്കും താഴെ വീണ് പരിക്കേറ്റിരുന്നു. മറ്റുള്ളവരിൽ നാലുപേർ മേളക്കാരും ബാക്കിയുള്ളവർ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളുമായിരുന്നു. നിസാര പരിക്കേറ്റ ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. സൂരജിന്റെ സംസ്കാരം നടത്തി. അമ്മ: സുഭദ്ര. സഹോദരൻ: സുജിത്ത്.
District News
നെടുമങ്ങാട് :ഹോട്ടലിൽ ഗ്യാസ് ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അഴിക്കോട് മരുതിനകം റോഡരികത്ത് വീട്ടിൽ നവാസ് (55)ആണ് മരിച്ചത്. കഴിഞ്ഞ 15ന് അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിലാണ് ഗ്യാസ് ചോർന്നു പൊട്ടിത്തെറിയുണ്ടായത്. നവാസ് ചായ കുടിക്കാനെത്തിയതായിരുന്നു. നവാസ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മറ്റ് രണ്ടുപേർ ഹോട്ടൽ ജീവനക്കാരായിരുന്നു.
ഗ്ലാസ് കൊണ്ട് മറച്ച കടയിൽ ഗ്യാസ് ലീക്കായ വിവരം ആരും അറിഞ്ഞിരുന്നില്ല. ജീവനക്കാരി സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതോടെ ഉഗ്രസ്ഫോടനമുണ്ടാകുകയും ചായ കുടിക്കാൻ കാത്തിരുന്ന നവാസിനും രണ്ട് ജീവനക്കാർക്കും മാരകമായി പൊള്ളലേൽക്കുകയുമായിരുന്നു.
മുസ്ലിം ലീഗ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി അംഗവും എസ്യുടി അഴിക്കോട് ഡ്രൈവേഴ്സ് യൂണിയൻ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: മാജിദ. മക്കൾ: നിബിൻ, നിജിത. മരുമകൻ: മുഹമ്മദ് സനൂഫ്.
District News
മേലൂർ: ബൈക്കില് ടോറസ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേലൂര് പൂലാനി പുത്തന്കണ്ടത്തില് ശശിയുടെ മകന് ജിഷ്ണു(29)ആണ് മരിച്ചത്.
ബൈക്കില് ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന പൂലാനി മുക്കംമ്പിള്ളി വീട്ടില് ഉണ്ണികൃഷ്ണനെ(29) പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യആശുപത്രിയില് പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ മാരാംകോട് വച്ചായിരുന്നു സംഭവം. കേക്ക് നിര്മാണ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും. ജോലി സംബന്ധമായ കാര്യത്തിന് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം നടത്തി. അമ്മ: അംബിക. സഹോദരന്: വിഷ്ണു.
Kerala
ആലപ്പുഴ: കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
അൽപനേരം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് മന്ത്രി സജി ചെറിയാൻ മടങ്ങിയത്. പരുമല ആശുപത്രിയിലാണ് ജി. സുധാകരൻ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി.സുധാകരന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കാലിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ ഓപ്പറേഷൻ ആവശ്യമായിരുന്നു. തുടർചികിത്സ ആവശ്യമുള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.